മഹാ കുംഭ മേള ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ വൻ ക്രമീകരണങ്ങൾ ഒരുക്കി ഉത്തർപ്രദേശ് സർക്കാർ

മഹാ കുംഭമേളയ്ക്ക് ഒരുങ്ങി ഉത്തർപ്രദേശ്. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ യുപി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി 56 സൈബർ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബർ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബർ കുറ്റവാളികളെ നേരിടാൻ കർമപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

മഹാ കുംഭമേളയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക സൈബർ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കും. സൈബർ പട്രോളിംഗിനായി വിദഗ്ധരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. വേരിയബിൾ മെസേജിംഗ് ഡിസ്‌പ്ലേകളിലെ സിനിമകളിലൂടെയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ബോധവത്ക്കരണ ക്യാമ്പെയ്‌നുകൾ നടക്കുന്നുണ്ട്. ഇതിനായി എഐ, ഫേസ്ബുക്ക്, എക്സ്, ​ഗൂ​ഗിൾ എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തും.

ഏകദേശം 45 കോടിയിലധികം പേർ മഹാ കുംഭമേളയുടെ ഭാ​ഗമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇത്രയും ആളുകൾക്കും കുംഭമേളയുടെ വിവരങ്ങൾ ലഭ്യമാക്കാനാവശ്യമായ ക്രമീകരണങ്ങളും പുരോ​ഗമിക്കുകയാണ്. ഇതിനായി പ്രിൻ്റ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കും. സൈബർ കുറ്റവാളികൾക്കെതിരെ ജാഗ്രത പാലിക്കാൻ സഹായിക്കുന്നതിന് സൈബർ സുരക്ഷാ നടപടികളെക്കുറിച്ച് ഭക്തരെ അറിയിക്കും. നിലവിൽ, സംശയാസ്പദമായ 50 ഓളം വെബ്‌സൈറ്റുകൾ കണ്ടെത്തിക്കഴിഞ്ഞെന്നും അവയ്‌ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *