മഹാവികാസ് അഘാഡി സഖ്യത്തിൽ സീറ്റ് ധാരണയായി; ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 21 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും ശരത് പവാർ വിഭാഗം എൻസിപി 10 സീറ്റിലും മത്സരിക്കും

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ സീറ്റ് സംബന്ധിച്ച് ധാരണയായി. 48 ലോക്സഭ സീറ്റുകളുടെ കാര്യത്തിലും സഖ്യം ധാരണയിലെത്തി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. ഭൂരിപക്ഷം സീറ്റുകളും ശിവസേനക്കാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിലായിരിക്കും മത്സരിക്കുക. എൻ.സി.പി ശരത് പവാർ വിഭാഗത്തിനായി 10 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.

മുംബൈയിലെ ആറ് സീറ്റുകളിൽ നാലെണ്ണത്തിലും ശിവസേന മത്സരിക്കും. നോർത്ത് വെസ്റ്റ്, സൗത്ത് സെൻട്രൽ, സൗത്ത് ഈസ്റ്റ് സീറ്റുകളിലാവും പാർട്ടി ജനവിധി തേടുക. രണ്ട് മുംബൈ സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും നോർത്ത്, നോർത്ത് സെൻട്രൽ സീറ്റുകളിലാവും കോൺഗ്രസിന്റെ പോരാട്ടം.

കഴിഞ്ഞ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ചപ്പോൾ ബി.ജെ.പിയും ശിവസേനയും മൂന്ന് വീതം സീറ്റുകളിലാണ് മുംബൈയിൽ വിജയിച്ചത്. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരു പാർട്ടികളും തെറ്റിപ്പിരിഞ്ഞത്. തർക്കം നിലനിന്നിരുന്ന ഭീവണ്ടി, സംഗ്ലി സീറ്റുകൾ എൻ.സി.പിക്കാണ് നൽകിയിരിക്കുന്നത്. തർക്കങ്ങളെല്ലാം പരിഹരിച്ചുവെന്നും പ്രവർത്തകരെല്ലാം മഹാ വികാസ് അഘാഡി സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും കോൺഗ്രസ് നേതാവ് നാന പടോളെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *