മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിദർഭ മേഖലയിൽ നാഗ്പുർ – മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.

യവത്മാലിൽനിന്ന് പുണെയിലേക്കു പോയ ബസിനാണ് ബുൽഡാനയിൽ വച്ച് തീപിടിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിൽപെട്ട ബസ് പൂർണമായും കത്തിനശിച്ചു. യവത്മാലിൽനിന്ന് പുണെയിലേക്ക് ഏതാണ്ട് 10 മണിക്കൂറോളം യാത്രയുണ്ട്.

യവത്മാലിൽനിന്ന് യാത്രയാരംഭിച്ച ബസ് നിയന്ത്രണം വിട്ട് ഒരു ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. മറിഞ്ഞതിനു തൊട്ടുപിന്നാലെ ബസിന് തീപിടിച്ചു. മറിഞ്ഞ ബസിൽനിന്ന് പുറത്തു കടക്കാനാകാതെ യാത്രക്കാർ ഉള്ളിൽ കുടുങ്ങുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ പടർന്നുപിടിച്ചതോടെ ഉള്ളിലകപ്പെട്ട യാത്രക്കാർ വെന്തുമരിക്കുകയായിരുന്നു. തീപിടിച്ചതിനു പിന്നാലെ ബസ് പൊട്ടിത്തെറിച്ചു. അപകടം നടന്നത് പുലർച്ചെ ആയതിനാൽ യാത്രക്കാർ ഉറക്കത്തിലായിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. 

”ഇതുവരെ 25 മൃതദേഹങ്ങളാണ് ബസിൽനിന്ന് കണ്ടെടുത്തത്. ബസിൽ ആകെ 32 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 6-8 യാത്രക്കാർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ബുൽധാന സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു’ – ബുൽഡാന ഡെപ്യൂട്ടി എസ്പി ബാബുറാവു മഹാമുനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *