മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ച് രാഹുൽ ഗാന്ധി

ഹരിയാനയിലെ അപ്രതീക്ഷ തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ചു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, വിജയ് വഡേട്ടിവാർ, പൃഥ്വിരാജ് ചവാൻ, ബാലാസാഹെബ് തോറാത്ത്, വർഷ ഗെയ്ക്‌വാദ്, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഹരിയാനയിൽ വിജയമുറപ്പിച്ച കോൺഗ്രസിന് അപ്രതീക്ഷിത തോൽവി വലിയ തിരിച്ചടിയായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം നേട്ടമാവുമെന്ന് കരുതിയ കോൺഗ്രസിന് ആസൂത്രണത്തിലെ പിഴവാണ് തിരിച്ചടിയായത്. 90 അംഗ സഭയിൽ 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 37 സീറ്റാണ് നേടിയത്.

അതേസമയം ഹരിയാനയിലെ തോൽവിക്ക് പിന്നാലെ ശിവസേന, തൃണമൂൽ കോൺഗ്രസ് തുടങ്ങി ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് തന്നിഷ്ടം നടപ്പാക്കിയതാണ് തോൽവിക്ക് കാരണമായത് എന്നായിരുന്നു ഉയർന്നു വന്ന വിമർശനം. മഹാരാഷ്ട്രയിൽ കോൺഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം, എൻസിപി ശരദ് പവാർ പക്ഷം ഒരുമിച്ച് മഹാ വികാസ് അഘാഡി സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 288 സീറ്റാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *