മഹായൂതി സഖ്യത്തിന് തിരിച്ചടി ; ബിജെപി നേതാവ് സമർജീത് സിംഗ് ഗാട്ഗെ ശരത് പവാർ വിഭാഗം എൻസിപിയിൽ ചേർന്നേക്കും

കോലാപ്പൂരിലെ ബി.ജെ.പി നേതാവ് സമർജീത്‌സിങ് ഗാട്‌ഗെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേരുമെന്ന സൂചന നല്‍കിയതിന് പിന്നാലെ മഹായുതി സഖ്യത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക്. രണ്ട് പേര്‍ കൂടി മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ നേതാക്കന്മാരാണ് വരുന്നത് എന്ന് ഉറപ്പാക്കിയിട്ടില്ലെങ്കിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നാണെന്നാണ് വിവരം. ശരദ് പവാറിന്റെ കീഴിലുള്ള എന്‍.സി.പിയിലേക്കാണ് ഇവര്‍ വരുന്നത്.

കഴിഞ്ഞ ദിവസമാണ് അജിത് പവാറിന്റെ ഭാഗമായ എം.എൽ.എ അതുൽ ബെങ്കെ , ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഇദ്ദേഹം എം.പി അമോൽ കോൽഹയേയും( ശരദ്പവാര്‍ ക്യാമ്പ്) അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കണ്ടിരുന്നു. എന്തും സംഭവിക്കാമെന്നായിരുന്നു ഈ കൂടിക്കാഴ്ചക്ക് ശേഷം ബെങ്കെ വ്യക്താക്കിയത്.

അതിനിടെ എൻ.സി.പി അധ്യക്ഷൻ ജയന്ത് പാട്ടീൽ (ശരദ് പവാര്‍) വായ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുൻ ബി.ജെ.പി എം.എൽ.എ മദൻ ഭോസാലെയെ കണ്ടതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നേതാക്കള്‍ എൻ.സി.പിയിലേക്ക് വരുമെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കിയിരുന്നു.

അതേസമയം തന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും സംസാരിക്കുമെന്നും മദൻ ഭോസാലെ വ്യക്തമാക്കി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നെങ്കിലും പാർട്ടി തന്നെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന പരിഭവം അദ്ദേഹം പങ്കുവെച്ചിരുന്നു. എം.എൽ.സി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നോമിനേറ്റ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *