മലകയറാൻ കുതിരയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന റൗഡികൾ; ദൃശ്യങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം

ഉത്തരാഖണ്ഡിൽനിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നു. കേദാർനാഥ് യാത്രയ്ക്കിടെ രണ്ടു റൗഡികൾ കുതിരയെ ബലമായി കഞ്ചാവു വലിപ്പിക്കുന്ന വീഡിയോ ആണ് മാധ്യമങ്ങളിൽ ഇടംപിടിച്ചത്. ഇവർ കുതിരയുടെ ഉടമകളാണെന്നാണു പുറത്തുവരുന്ന വിവരം. രണ്ടു പേർ ചേർന്ന് കുതിരയുടെ വായും മൂക്കിന്റെ ഒരു ദ്വാരവും അടച്ചുപിടിച്ചിരിക്കുന്നു. മൂക്കിന്റെ മറ്റു ദ്വാരത്തിലൂടെ കഞ്ചാവു നിറച്ച സിഗററ്റ് കത്തിച്ച് കൈകൊണ്ട് അമർത്തിപ്പിടിച്ചിരിക്കുന്നു. ശ്വാസമെടുക്കാൻ മറ്റു ഗതിയില്ലാതെ വരുമ്പോൾ കുതിര സ്വാഭാവികമായും കഞ്ചാവു വലിച്ചു അകത്തുകയറ്റേണ്ടിവരും. വളരെ പ്രയാസപ്പെട്ടാണ് കുതിര അകത്തേക്കു കഞ്ചാവു വലിച്ചുകയറ്റുന്നത്. റൗഡികൾ കൈയെടുക്കുമ്പോൾ ശരീരം കുടഞ്ഞുകൊണ്ട് അകത്തേക്കെടുത്ത പുക പുറത്തേക്കുവിടുന്നതും ദൃശ്യങ്ങളിൽ കാണാം. ലഹരിയിലായ കുതിരയ്ക്കു മല കയറാൻ എളുപ്പം കഴിയുമെന്നാണ് റൗഡികളുടെ ഭാഷ്യം.

കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോ റെക്കോർഡുചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഹിമാൻഷി മെഹ്റ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗമാകുകയും മൃഗസ്നേഹികളുടെ വ്യാപകപ്രതിഷേധം ഉയരുകയും ചെയ്തു. ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കേദാർനാഥിലേക്കുള്ള ട്രെക്കിംഗിനായി ഇത്തരം കുതിരകളെ ആശ്രയിക്കുന്ന തീർഥാടകരുടെ സുരക്ഷയെക്കുറിച്ചു സംഭവം ആശങ്കയുയർത്തിയിട്ടുണ്ട്. മലകയറുന്ന കുതിരകൾ ഇത്തരം ക്രൂരപീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്നാണു പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *