മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിനായി എത്തുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ല. നേതൃമാറ്റത്തെപ്പറ്റി ഒന്നും അറിയില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ മുതിർന്ന നേതാക്കളുടെ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.
സംസ്ഥാനത്ത് കെ.സുരേന്ദ്രനു പകരം മുരളീധരനെ അധ്യക്ഷനാക്കേയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 4 സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന തരത്തിൽ പാർട്ടിയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു സൂചന.
അതിനിടെ, ദക്ഷിണേന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നാളെ ഹൈദരാബാദിൽ ചേരുന്ന സംസ്ഥാന അധ്യക്ഷൻമാരുടെ യോഗത്തിൽ കെ.സുരേന്ദ്രൻ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാരും യോഗത്തിനെത്തും. കേരളത്തിൽ പുതുതായി നിയമിക്കപ്പെട്ട സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നേതൃമാറ്റം ഇല്ലെന്ന സൂചനയാണ് സംസ്ഥാന നേതൃത്വം നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രനെ തുടരാൻ അനുവദിച്ചേക്കും. തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചായിരിക്കും നേതൃമാറ്റമെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു.