മനുഷ്യജീവൻ കോഴിയെക്കാൾ വിലപ്പെട്ടത്; കോഴിയെ ഉപദ്രവിച്ചതിനു മർദിച്ചു കൊലപ്പെടുത്തി കേസിൽ കോടതി

കോഴികളുടെ ജീവനേക്കാൾ മൂല്യമുള്ളതാണു മനുഷ്യജീവനെന്നും ഇരയാക്കപ്പെട്ടയാൾ ഇതര ജാതിയിൽപ്പെട്ട ആളായതിനാലാണ് അങ്ങനെയല്ലെന്നു ചിലർക്ക് തോന്നുന്നതെന്നും വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. കോഴിയെ ഉപദ്രവിച്ചെന്ന പേരിൽ ഒരാളെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജാമ്യം നിഷേധിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങൾ. എസ്സി, എസ്ടി നിയമപ്രകാരമെടുക്കുന്ന കേസുകളിൽ എത്രനാൾ ജയിലിൽ കിടന്നെന്നോ അന്വേഷണത്തിന്റെ പുരോഗതിയോ അല്ല കണക്കിലെടുക്കുന്നതെന്നും ജസ്റ്റിസ് നിർമൽ കുമാർ പറഞ്ഞു.

60 ദിവസത്തിലേറെ ദിവസം ജയിലിൽ കഴിഞ്ഞെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.സെൽവകുമാർ ഉൾപ്പെടെ 8 പ്രതികൾ സമർപ്പിച്ച ഹർജിയാണു കോടതി തള്ളിയത്. പ്രതികൾ സമൂഹത്തിൽ സ്വാധീനമുള്ളവരാണെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.

കഴിഞ്ഞ ഡിസംബറിൽ തിരുപ്പൂർ സ്വദേശിയായ സെങ്കോട്ടയ്യൻ കവണ ഉപയോഗിച്ചു പക്ഷികളെ വേട്ടയാടുന്നതിനിടെ സെൽവകുമാറിന്റെ കോഴികൾക്കു മേൽ കല്ലു പതിച്ച് അവയ്ക്കു പരുക്കേറ്റിരുന്നു. ഇതോടെ കുപിതരായ സെൽവകുമാറും സംഘവും സെങ്കോട്ടയ്യനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതിനു പിന്നാലെ, തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. ബോധരഹിതനായ സെങ്കോട്ടയ്യനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *