മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോഹൻ യാദവിനെതിരെ കോൺഗ്രസ്; ഗുരുതര ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെന്ന് വിമർശനം

ബി.ജെ.പി മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത മോഹൻ യാദവ് ഗുരുതര ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെന്ന് കോൺഗ്രസ്. ഉജ്ജയിൻ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് മോഹൻ യാദവിനെതിരെ ഗുരുതര അഴിമതിയാരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ബി.ജെ.പി മധ്യപ്രദേശിൽ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ഉജ്ജയിൻ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉജ്ജയിൻ മാസ്റ്റർ പ്ലാനിൽ മോഹൻ യാദവിന് വേണ്ടി ശിവരാജ് സിങ് ചൗഹാൻ സർക്കാൻ ഭൂവിനിയോഗ മാനദണ്ഡങ്ങൾ മാറ്റിയിരുന്നുവെന്നും ജയറാം രമേശ് ആരോപിച്ചു.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മോഹൻ യാദവിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി തീരുമാനിച്ചത്. ശിവരാജ് സിങ് ചൗഹാനെ മറികടന്നാണ് മോഹൻ യാദവിന് നറുക്ക് വീണത്. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ സ്പീക്കറാകും. ദക്ഷിണ ഉജ്ജയിനിൽനിന്ന് തുടർച്ചയായ മൂന്നാം തവണയും വിജയിച്ച മോഹൻ സിങ് ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ.

Leave a Reply

Your email address will not be published. Required fields are marked *