മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞു…; കാലം കലികാലം

മദ്യപിച്ചു ലെക്കുകെട്ട് പൊതു ഇടങ്ങളിൽ പരാക്രമങ്ങൾ കാണിക്കുന്നതു സാധാരണസംഭവമാണ്. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. ലഹരി തലയ്ക്കു പിടിച്ചാൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. തെലങ്കാനയിലെ വിദ്യാനഗറിൽ ഇന്നലെയുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

അപുർവമായ സംഭവം എന്താണെന്നല്ലേ..? മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞതാണ് വലിയ വിവാദമായത്. സ്റ്റോപ്പിൽ കൈകാണിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്തുടർന്നാണ് യുവതി പരാക്രമങ്ങൾ കാഴ്ചവച്ചത്.

ബസിന്റെ പിൻഭാഗത്തെ ചില്ല് അടിച്ചുതകർത്ത ശേഷം കണ്ടക്ടറുടെ ദേഹത്തേക്കു യുവതി പാമ്പിനെ വലിച്ചെറിയുകയായിരുന്നു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിനുനേരെയാണ് യുവതി ആക്രമണം അഴിച്ചുവിട്ടത്. ഇത് ചോദ്യം ചെയ്തതോടെ യുവതി കൈയിലെ ബാഗിലുണ്ടായിരുന്ന പാമ്പിനെ എടുത്ത് കണ്ടക്ടർക്കുനേരെ എറിഞ്ഞു. കണ്ടക്ടർ ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ പാമ്പ് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചിലർ ബസിനുള്ളിൽനിന്നു പുറത്തേക്കിറങ്ങുകയും ചെയ്തു.

കണ്ടക്ടറുടെ പരാതിയിൽ യുവതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് പാമ്പിനെ പിടിക്കുന്നയാളാണെന്നും നാഗപഞ്ചമിയോടനുബന്ധിച്ച് അവർ പാമ്പിനെ ബാഗിൽ കൊണ്ടുപോകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *