മണിപ്പുരിൽ ഇന്ത്യൻ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അവിടെ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ ആക്രമണമാണെന്നും 100 ദിവസങ്ങൾക്കു മുകളിലായി നടക്കുന്ന ആക്രമണങ്ങൾക്കു പരിഹാരം ‘ഹൃദയത്തിൽനിന്നാണ് വരേണ്ടതെന്നും വെടിയുണ്ടകൾ കൊണ്ടല്ലെ’ന്നും ഹിമന്ത ബിശ്വ ശർമ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കു മറുപടിയായി പറഞ്ഞു. ഇന്നലെ വൈകുന്നേരം ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സൈന്യമിറങ്ങിയാൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമാക്കാനാകുമെന്ന് രാഹുൽ പറയുന്നതിന് അർഥം ജനങ്ങൾക്കുമേൽ സൈന്യം വെടിയുതിർക്കണമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഇത്തരം അബദ്ധം പറയുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ലോക്സഭയിൽ 1966ൽ മിസോറമിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനെ അനുകൂലിച്ചാണ് ഹിമന്തയും സംസാരിച്ചത്.
”ഇന്ത്യൻ വ്യോമസേന ഐസ്വാളിൽ അതു ചെയ്തു. അവർ ബോംബുകൾ വർഷിച്ചു. ആക്രമണം കുറഞ്ഞു. ഇന്ന് രാഹുൽ പറയുന്നു അക്രമത്തെ തടയാൻ സൈന്യത്തെ അയയ്ക്കണമെന്ന്. അതിന്റെ അർഥം എന്താണ്. ജനങ്ങൾക്കുനേരെ നിറയൊഴിക്കണമെന്നാണോ. അതാണ് അദ്ദേഹത്തിന്റെ പരിഹാരം. അദ്ദേഹത്തിന് എങ്ങനെ അങ്ങനെ പറയാനാകും. സൈന്യം ഒന്നും പരിഹരിക്കില്ല. താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ മാത്രമേ സൈന്യത്തിനു സാധിക്കൂ. വെടിയുണ്ടകൾ കൊണ്ടല്ല, ഹൃദയത്തിൽനിന്നായിരിക്കണം പരിഹാരം വരേണ്ടത്” – അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമായിരുന്നുവെന്നും എന്നാൽ രണ്ടു മണിക്കൂർ നീണ്ട മോദിയുടെ പ്രസംഗത്തിനിടെ അവർ ഇറങ്ങിപ്പോയെന്നും ഹിമന്ത കുറ്റപ്പെടുത്തി. ”മണിപ്പുരിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നില്ല പ്രതിപക്ഷത്തിന്റെ ആവശ്യം. പാർലമെന്റ് തടസ്സപ്പെടുത്തുക എന്നതായിരുന്നു അവർ ലക്ഷ്യമിട്ടത്. പാർലമെന്റിനകത്ത് ബഹളം ഉണ്ടാക്കുക മാത്രമായിരുന്നു അവരുടെ ആവശ്യം. അതു മണിപ്പുരിനോടുള്ള സ്നേഹമല്ല.
അതവരുടെ സ്ഥാപിത രാഷ്ട്രീയ താൽപര്യം മാത്രമായിരുന്നു. പ്രധാനമന്ത്രി ഹൃദയത്തിൽനിന്നാണ് സംസാരിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയാണ് സംസാരിച്ചത്. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളോടെ എത്രമാത്രം സ്നേഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഞങ്ങൾ സന്തുഷ്ടരാണ്. എന്നാൽ പ്രതിപക്ഷത്തിന് സന്തോഷമുണ്ടാകില്ല. പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം പൂർണമായി കേൾക്കണമായിരുന്നു” – അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.