കലാപബാധിത മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങളെ തമിഴ്‌നാട്ടിലെത്തി പരിശീലനം നടത്താന്‍ ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇവര്‍ക്ക് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
താരങ്ങള്‍ക്ക് ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികപരിപാടികള്‍ക്ക് സജ്ജരാകാനുള്ള സാഹചര്യമല്ല മണിപ്പുരില്‍ നിലവിലുള്ളതെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2024 ഖേലോ ഇന്ത്യയുടെ ആതിഥേയര്‍ തമിഴ്‌നാടാണ്. മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ തമിഴ്‌നാട് കായികവകുപ്പിന്റെ ഭാഗമായി ഒരുക്കിക്കൊടുക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.
ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതില്‍ മണിപ്പുര്‍ പ്രശസ്തമാണെന്നും ഏറെ ആശങ്കയോടെയും വേദനയോടെയുമാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളെ തമിഴ്‌നാട് നോക്കിക്കാണുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.