മരുമകൾക്കെതിരെ ആരോപണവുമായി വീരമൃത്യുവരിച്ച ക്യാപ്ടൻ അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ. മരുമകൾ സ്മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്ന് അൻഷുമാൻ സിംഗിന്റെ മാതാപിതാക്കളായ രവി പ്രതാപ് സിംഗും മഞ്ജു സിംഗും പറയുന്നു. മകന് സർക്കാർ നൽകിയ കീർത്തിചക്രയുമായിട്ടാണ് മരുമകൾ പോയത്. കീർത്തിചക്രയിൽ ഒന്ന് സ്പർശിക്കാൻ പോലും സാധിച്ചില്ല. അനുഷുമാന്റെ ചിത്രങ്ങളും ആൽബവും വസ്ത്രങ്ങളുമെല്ലാം മരുമകൾ കൊണ്ടുപോയി. ചുമരിൽ തൂക്കിയിരിക്കുന്ന ചിത്രം മാത്രമേ തങ്ങളുടെ കൈവശമുള്ളൂവെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
സൈനികൻ വീരമൃത്യുവരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ (എൻഒകെ) മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ‘എൻ ഒ കെയുടെ മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അൻഷുമാന്റെ ഭാര്യ ഇപ്പോൾ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല, വിവാഹം കഴിഞ്ഞ് അഞ്ച് മാസമേ ആയിട്ടുള്ളൂ, കുട്ടിയില്ല. ചുമലിൽ മാലയിട്ട് തൂക്കിയിരിക്കുന്ന മകന്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ കൈവശമുള്ളു. അതുകൊണ്ടാണ് എൻ ഒ കെയുടെ മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്. രക്തസാക്ഷിയുടെ ഭാര്യ കുടുംബത്തിൽ തുടരുന്നതനുസരിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. മറ്റ് മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ എൻ ഒ കെയും നിയമങ്ങൾ പുനഃപരിശോധിക്കണം,’- മഞ്ജു സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം സിയാച്ചിനിലുണ്ടായ തീപിടിത്തത്തിൽ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര കഴിഞ്ഞ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മാതാവും ഭാര്യയും ചേർന്നാണ് ഏറ്റുവാങ്ങിയത്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അൻഷുമാൻ സിംഗിന്റെയും സ്മൃതി സിംഗിന്റെയും വിവാഹം. വിവാഹിതരായി രണ്ട് മാസത്തിന് ശേഷം അദ്ദേഹം സിയാച്ചിനിലേക്ക് പോയത്. മൂന്ന് മാസത്തിന് ശേഷം വീരമ്യത്യു. ഇന്നും അദ്ദേഹം കൂടെയില്ലെന്നതിനോട് തനിക്ക് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ലെന്നും നടന്നത് സത്യമല്ലെന്ന് താൻ ചിന്തിക്കാറുണ്ടെന്നും സ്മൃതി സിംഗ് വ്യക്തമാക്കിയിരുന്നു. പുരസ്‌കാര വേദിയിൽ തന്റെ ഭർത്താവിന്റെ ധീരപ്രവൃത്തിയെ സ്മരിച്ചുകൊണ്ട് സ്മൃതി സിംഗ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു.