ഭാര്യയ്‌ക്കെതിരായ ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ഹിമന്ത; എക്‌സ് പ്ലാറ്റ്ഫോമിൽ കടുത്ത വാക്പോര്

സ്വന്തം കമ്പനിക്കായി 10 കോടി രൂപയുടെ കേന്ദ്ര സബ്സിഡി എടുത്തെന്ന ആരോപണത്തിൽ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമ. കേന്ദ്ര സർക്കാരിൽനിന്നു റിനികി സബ്സിഡി സ്വീകരിച്ചെന്ന ആരോപണത്തെ ചൊല്ലി ഗൊഗോയിയും മുഖ്യമന്ത്രിയും തമ്മിൽ എക്സ് പ്ലാറ്റ്‌ഫോമിൽ കടുത്ത വാക്‌പോരാണ് നടക്കുന്നത്. പിന്നാലെയാണ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കമെന്ന് റിനികി അറിയിച്ചത്.

”പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, വ്യത്യസ്ത മേഖലകളിലെ ബിസിനസ്സ് താൽപര്യങ്ങളുമായി 2006 മുതൽ നിലവിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ്. എല്ലാ സാമ്പത്തിക രേഖകളും പൊതുസമൂഹത്തിലുള്ള, നിയമം അനുസരിക്കുന്ന കമ്പനിയാണ്. മറ്റേതൊരു യോഗ്യതയുള്ള സംരംഭത്തെയും പോലെ സർക്കാർ പിന്തുണയ്ക്കുന്ന പ്രോഗ്രാമുകൾ/ഇൻസെന്റീവ് സ്‌കീമുകളിൽ പങ്കെടുക്കാൻ ഈ കമ്പനിക്ക് അർഹതയുണ്ട്. എങ്കിലും ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം പോലെ പിഎം കിസാൻ പദ്ധതിപ്രകാരം പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു നയാപൈസയുടെ സർക്കാർ സബ്സിഡി പോലും ലഭിച്ചിട്ടില്ല.”- റിനികി ഭുയാൻ ശർമ എക്സിൽ ട്വീറ്റ് ചെയ്തു.

ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയുടെ കമ്പനിക്ക് പിഎം കിസാൻ പദ്ധതിപ്രകാരം പത്തു കോടി രൂപ സബ്‌സിഡി ലഭിച്ചെന്ന ആരോപണവുമായി ബുധനാഴ്ചയാണ് ഗൗരവ് ഗൊഗോയ് രംഗത്തെത്തിയത്. ഇതു സംബന്ധിച്ച ചില രേഖകൾ ഉൾപ്പെടെ പോസ്റ്റ് ചെയ്തായിരുന്നു ആരോപണം. എന്നാൽ ഇതു നിഷേധിച്ച് ഹിമന്ത രംഗത്തെത്തിയതോടെ വാക്‌പോര് കടുത്തു. ” നിങ്ങൾ സൂചിപ്പിച്ച കമ്പനിക്ക് കേന്ദസർക്കാർ ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന വസ്തുത വ്യക്തമാക്കുന്നു. എന്റെ ഭാര്യയോ അവർ ബന്ധപ്പെട്ടിരിക്കുന്ന കമ്പനിയോ സർക്കാരിൽനിന്ന് ഒരു തുകയും സ്വീകരിച്ചിട്ടില്ല. മറിച്ചുള്ള തെളിവുകൾ ആർക്കെങ്കിലും നൽകാൻ കഴിയുമെങ്കിൽ, പൊതുജീവിതത്തിൽ നിന്ന് വിരമിക്കൽ ഉൾപ്പെടെയുള്ള ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയാറാണ്.”- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *