ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബിനാമി ഇടപാട് ആകണമെന്നില്ല: കോടതി

ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബിനാമി ഇടപാടായി കാണാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഇന്ത്യന്‍ സമൂഹത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ പേരില്‍ വസ്തു വാങ്ങാന്‍ പണം നല്‍കിയാല്‍ അത് ബിനാമി ഇടപാട് ആകണമെന്നില്ല. പണത്തിന്റെ ഉറവിടം പ്രധാനമാണ്. എന്നാല്‍ നിര്‍ണായകമല്ലെന്നും ജസ്റ്റിസ് തപബ്രത ചക്രവര്‍ത്തി, പാര്‍ത്ഥ സാര്‍ത്തി ചാറ്റര്‍ജി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

കുടുംബ സ്വത്ത് തകര്‍ക്ക കേസിലാണ് കോടതിയുടെ നിരീക്ഷണം. അച്ഛന്‍ അമ്മയ്ക്ക് നല്‍കിയ സ്വത്ത് ബിനാമിയാണെന്ന് ആരോപിച്ചായിരുന്നു മകന്‍ ഹര്‍ജി നല്‍കിയത്. കുറ്റം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി.

1969ല്‍ ഭാര്യയുടെ പേരില്‍ വസ്തു വാങ്ങി രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിന്നീട് വീട് പണിയുകയും ചെയ്തു. 1999ല്‍ അദ്ദേഹത്തിന്റെ മരണശേഷം പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം ഭാര്യയ്ക്കും മകനും മകള്‍ക്കും സ്വത്തിന്റെ മൂന്നിലൊന്ന് വീതം അവകാശമായി ലഭിച്ചു.

2011വരെ മകന്‍ ആ വീട്ടില്‍ താമസിച്ചെങ്കിലും പിന്നീട് വീട് മാറിയപ്പോള്‍ സ്വത്ത് വീതിച്ച് നല്‍കണമെന്ന ആവശ്യമുന്നയിക്കുകയായിരുന്നു. അമ്മയും സഹോദരിയും ആവശ്യം നിരസിച്ചു. ഇതേതുടര്‍ന്നാണ് ബിനാമി ഇടപാട് ആരോപിച്ച് മകന്‍ കോടതിയെ സമീപിച്ചത്. ഇതില്‍ പ്രകോപിതയായ അമ്മ, 2019ല്‍ മരിക്കുന്നതിന് മുമ്പ് സ്വത്തില്‍ തന്റെ വിഹിതം മകള്‍ക്ക് എഴുതി വെയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *