ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ”ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു.”– രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

145 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുൽ പങ്കുവച്ചു. ”വീട് എന്ന് ഞാൻ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വർഷം 145 ദിവസം നടന്നു കൊണ്ട് ചിലവഴിച്ചു. സമുദ്രതീരത്തുനിന്ന് ആരംഭിച്ച യാത്ര വെയിലും മഴയും പൊടിപടലങ്ങളുമേറ്റ് കാടുകളും നഗരങ്ങളും കുന്നുകളും താണ്ടി ഞാൻ ഏറെ സ്നേഹിക്കുന്ന കശ്മീരിലെത്തി.”– രാഹുൽ ഗാന്ധി പറഞ്ഞു

യാത്രയിലുടനീളം അനുഭവിച്ച യാതനകളും അതിൽ നിന്നുണ്ടായ പ്രചോദനത്തെ കുറിച്ചും രാഹുൽ ഇങ്ങനെ കുറിച്ചു: ”യാത്ര തുടങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ വേദനയും തുടങ്ങി. ഫിസിയോതെറപ്പി ഒഴിവാക്കിയതോടെ എന്റെ കാൽമുട്ടിന്റെ വേദന തിരികെ വന്നു. ഏതാനും ദിവസത്തെ നടത്തത്തിനുശേഷം എന്റെ ഫിസിയോ ഞങ്ങൾക്കൊപ്പം യാത്രയിൽ പങ്കാളിയായി. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചെങ്കിലും വേദന പൂർണമായും കുറഞ്ഞില്ല. പിന്നീടാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. യാത്ര ഉപേക്ഷിക്കാമെന്ന് കരുതുമ്പോഴെല്ലാം അത് തുടരാനുള്ള ഊർജം എനിക്ക് എവിടെ നിന്നെങ്കിലും ലഭിക്കും. യാത്ര തുടർന്നു. കൂടുതൽ ആളുകൾ ഈ യാത്രയിൽ പങ്കാളികളാകുന്നതായി ഞാൻ കണ്ടു‌”– രാഹുൽ പറഞ്ഞു 

Leave a Reply

Your email address will not be published. Required fields are marked *