ഭാരത് ജോഡോ യാത്രയിലെ പരാമർശം: ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ 

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി ഡൽഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ, സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്.

‘രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവർ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമുണ്ട്. ഇരകൾക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് വിശദാംശങ്ങൾ തേടുകയാണ്’ പോലീസ് സംഘത്തിന് നേതൃത്വം നൽകുന്ന സ്പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ തരണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് മാർച്ച് 16-ന് രാഹുലിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനോട് രാഹുൽ പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *