‘ഭാരത് ജോഡോ ന്യായ് യാത്ര യുപിയിൽ എത്തുമ്പോൾ രാഹുൽ ഗാന്ധി രാമക്ഷേത്രം സന്ദർശിക്കണം’ ; അയോധ്യയിൽ സന്ദർശനം നടത്തി യുപി പിസിസി സംഘം

ഉത്തരന്ത്യയിലെ കൂടുതല്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍ അയോധ്യയിലേക്ക് . പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കാതെ തുടര്‍ ദിവസങ്ങളിലോ മുന്‍പോ രാമക്ഷേത്രത്തിലെത്താനാണ് തീരുമാനം. ഉത്തര്‍ പ്രദേശ് ഘടകം വൈകുന്നരത്തോടെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇതിനിടെ ശങ്കരാചാര്യന്മാരെ വിമര്‍ശിച്ച മഹാരാഷ്ട്ര മന്ത്രി നാരായണ്‍ റാണയെ പുറത്താക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

അയോധ്യയില്‍ പരമാവധി പരിക്കേല്‍ക്കാതെ നീങ്ങാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. പ്രതിഷ്ഠാ ദിനം ബിജെപി രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്ന വിമര്‍ശനം ഉന്നയിച്ച് മാറി നില്‍ക്കുമ്പോള്‍ തൊട്ടു കൂടായ്മയില്ലെന്ന് വ്യക്തമാക്കാനാണ് കൂടുതല്‍ സംസ്ഥാന ഘടകങ്ങൾ അയോധ്യയിലേക്ക് നീങ്ങുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഘടകങ്ങളിലെ നേതാക്കള്‍ അയോധ്യയിലെത്തും. വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഹിമാചല്‍ പ്രേദശിലെ മന്ത്രി വിക്രമാദിത്യ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. പിസിസി അധ്യക്ഷയായ അമ്മ പ്രതിഭ സിംഗും ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. മത വിശ്വാസത്തിന്‍റെ പേരില്‍ പോകുന്ന ആരേയും തടയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വൈകുന്നരത്തോടെ ആയിരം പേരടങ്ങുന്ന സംഘവുമായി ഉത്തര്‍ പ്രദേശ് പിസിസി അയോധ്യയിലെത്തും. സരയു നദിയില്‍ മുങ്ങി കുളിച്ച് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് പിസിസി അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി രാമക്ഷേത്രം സന്ദര്‍ശിക്കണമെന്നും ഉത്തര്‍ പ്രദേശ് പിസിസി ആവശ്യപ്പെടും. അതേ സമയം അയോധ്യയില്‍ ആചാരലംഘനം നടക്കുന്നുവെന്ന് കടുത്ത വിമര്‍ശനമുയര്‍ത്തിയ ശങ്കരാചാര്യന്മാരെ വിമര്‍ശിച്ച മന്ത്രി നാരായണ്‍ റാണെക്കെതിരെ നടപടിയെടുക്കണമെന്നും, ബിജെപി മാപ്പ് പറയണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന് ശങ്കരാചാര്യന്മാര്‍ എന്ത് സംഭാവനയാണ് നല്‍കിയിരിക്കുന്നതെന്നും ചടങ്ങിനെ ആശിര്‍വദിക്കുന്നതിന് പകരം രാഷ്ട്രീയ കണ്ണോടെകാണുകയാണെന്നുമായിരുന്നു നാരായണ്‍ റാണെ തിരിച്ചടിച്ചത്. പ്രതികരിക്കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശം മറികടന്നായിരുന്നു റാണെയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *