ഭാരത് ജോഡോ ന്യായ് യാത്ര; അഖിലേഷ് യാദവിന് യാത്രയിലേക്ക് ക്ഷണം

ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയാണ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ യാത്രയിലേക്ക് ക്ഷണിച്ചത്. ഫെബ്രുവരി 16ന് നടക്കുന്ന പൊതു റാലിയിൽ പങ്കെടുക്കാനും അദ്ദേഹത്തെ ക്ഷണിച്ചിരിക്കുകയാണ്. ഫെബ്രുവരി 16നാണ് യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുന്നത്.

മമത ബാനർജിക്ക് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞ്‌ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. പല വലിയ പരിപാടികൾക്കും തങ്ങളെ ക്ഷണിക്കാറില്ലെന്ന് അഖിലേഷ് പറഞ്ഞു. എന്നാൽ, യുപിയിലെ യാത്രയുടെ റൂട്ട് തയ്യാറാകുന്നേയുള്ളുവെന്നും അതിന് ശേഷം ക്ഷണിക്കുമെന്നും കോൺഗ്രസ് മറുപടി നൽകുകയായിരുന്നു.

‘ഇൻഡ്യ’ മുന്നണി കക്ഷികൾക്ക് ഉള്ളിൽ ഉയർന്ന അഭിപ്രായ ഭിന്നത ഇപ്പോഴും നിലനിൽക്കുന്നുവെന്ന തെളിയിക്കുന്നതാണ് അഖിലേഷ് യാദവിന്റെ ആരോപണമെന്ന് വാർത്തയുണ്ടായിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ചോദിച്ചു വാങ്ങുന്നതെങ്ങനെയെന്നും അഖിലേഷ് ചോദിച്ചിരുന്നു. കൂടാതെ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ചോദിച്ചു വാങ്ങിയതാണെന്നും അഖിലേഷ് പറഞ്ഞു.

ആരോപണത്തിന് പിന്നാലെ മറുപടിയുമായി കോൺഗ്രസ് രംഗത്ത് എത്തി. യുപിയിലെ യാത്രയുടെ റൂട്ടും പ്രോഗ്രാമും തയ്യാറാക്കുകയാണ്. അത് പൂർത്തിയായ ശേഷം ‘ഇൻഡ്യ’ സഖ്യത്തിലെ എല്ലാവരെയും അറിയിക്കും. ന്യായ് യാത്രയിൽ സമാജ് വാദി പാർട്ടി പങ്കെടുക്കുന്നത് ‘ഇൻഡ്യ’ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *