ബ്രിജ് ഭൂഷൻ അയോധ്യയിൽ നിന്ന് നടത്താനിരുന്ന റാലി മാറ്റിവച്ചു

വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ ശരൺ സിങ് തിങ്കളാഴ്ച അയോധ്യയിൽ നിന്ന് നടത്താനിരുന്ന റാലി മാറ്റിവച്ചു. ‘ജൻചേതന മഹാറാലി’ എന്ന പേരിൽ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ലഭിക്കുന്നെന്ന് ബ്രിജ് ഭൂഷൻ അവകാശപ്പെട്ടിരുന്നു.

അയോധ്യയിൽ നിന്ന് തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബ്രിജ് ഭൂഷനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകളിലെ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് റാലി പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം. തൽക്കാലത്തേക്ക് മാറ്റിവയ്ക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. റാലി നടത്തുന്നതിനോട് യുപിയിലെ ബിജെപി പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ചെറിയ തോതിൽ എതിർപ്പ് ഉണ്ടായിരുന്നുവെന്നാണ് വിവരം. 

റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ, രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ ‘തെറ്റായ കുറ്റം’ ചുമത്തുകയാണെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *