ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ബി ജെ പി സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം

വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുൻ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം രം​ഗത്ത്.

വനിത ഗുസ്തി താരങ്ങളിൽ നിന്നും ലൈംഗികാതിക്രമ പരാതി നേരിടുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അദ്ദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്നാമ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ വിമർശനം. അതിരുകളില്ലാത്ത അധികാര ആഗ്രഹം മാത്രമുള്ള വ്യക്തി നയിക്കുന്ന ധാർമികത ഇല്ലാത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ സ്ത്രീകൾക്ക് ഇങ്ങനെ നീതി നൽകുന്നതിനെക്കുറിച്ചാണോ നിങ്ങൾ സംസാരിക്കുന്നതെന്ന് സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ചുകൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുർവേദിയും ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു.

തൃണമൂൽ കോൺഗ്രസും വിമർശനവുമായി രംഗത്തു വന്നു. ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തെ അപലപിക്കാൻ ബി.ജെ.പി തയാറല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടി.എം.സി രാജ്യസഭ എം.പി സാഗരിക ഘോഷ് പറഞ്ഞു. കരൺ സിങ്ങിന് ബി.ജെ.പി ടിക്കറ്റ് നൽകിയത് ലജ്ജാകരവും അപമാനകരവുമാണ്. നാരി ശക്തി, നാരി സമ്മാന്, ബേട്ടി ബച്ചാവോ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യങ്ങളെല്ലാം പൊള്ളയും വ്യാജവുമാണെന്നും സാഗരിക ഘോഷ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *