ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം; മുറിയിൽനിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു

ബംഗാൾ സ്വദേശിയായ യുവതി ഫ്ലാറ്റിൽ മരിച്ച നിലയിൽ. യുവതിയുടെ മൃതദേഹം നഗ്നമായി അഴുകിയ നിലയിൽലാണ് കണ്ടെത്തിയത്.  ചന്ദാപുരയിലെ ഫ്ലാറ്റിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗർ പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തെളിവുകൾ അപ്രത്യക്ഷമാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. 

സോഫ്റ്റ്‍വെയർ എൻജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്ലാറ്റ്. ഇവർ താഴെയാണു താമസം. ബാക്കി ഫ്ലാറ്റുകൾ വാടകയ്ക്കു നൽകിയിരിക്കുകയാണ്. ഒരു മാസം മുൻപു ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സിൽ താഴെയുള്ള ഒരാൾ വന്നിരുന്നു. ഇയാളെ പൊലീസ് തിരയുകയാണ്. വാടകക്കാരിൽനിന്ന് താമസത്തിനു രേഖകളൊന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നില്ല. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ഒഡിഷ സ്വദേശിയുടെ നിർദേശപ്രകാരമാണു ഫ്ലാറ്റ് വാടകയ്ക്കു നൽകാൻ ഉടമ സമ്മതിച്ചത്.

വാടകക്കാരെ നിർദേശിച്ച ആളെയും യുവതിയുടെ ‘അച്ഛനെയും’ കാണാത്തതിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു.  ഇരുവരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മാർച്ച് 10ന് സംഗേത് ഗുപ്ത ഈ ഫ്ലാറ്റിൽ പോയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതും ഒരു സ്ത്രീ പുതപ്പിനടിയിൽ കമിഴ്ന്നു കിടക്കുന്നതും കണ്ടു. അകത്തേക്കു കയറാതെ ഇവർ മടങ്ങി. അടുത്ത ദിവസങ്ങളിൽ ദുർഗന്ധം വന്നതോടെ വീണ്ടും ഫ്ലാറ്റിൽ നോക്കിയപ്പോൾ സ്ത്രീ അതേ കിടപ്പ് കിടക്കുകയാണ്. തുടർന്ന് പുതപ്പ് മാറ്റിയപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും. മൃതദേഹത്തിൽ പുഴുവരിച്ചു തുടങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *