ബെംഗളൂരുവിലെ നിശാപ്പാർട്ടിയിൽ മയക്കുമരുന്ന്: അറസ്റ്റിലായ നടി ഹേമയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരുവിലെ ഇലക്ട്രോണിക്സ് സിറ്റിയിൽ നടന്ന നിശാപ്പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ തെലുഗു നടി ഹേമയെ ബെംഗളൂരു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ചയാണ് ഹേമയെ അറസ്റ്റുചെയ്തത്.

പോലീസ് നൽകിയ നോട്ടീസ് പ്രകാരം ഇവർ പോലീസിനുമുന്നിൽ ഹാജരായതായിരുന്നു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹേമ കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിശാപ്പാർട്ടിയിൽ കേക്ക്മുറിക്കൽ ചടങ്ങ് കഴിഞ്ഞതോടെ താൻ ഹൈദരാബാദിലേക്ക് മടങ്ങിയതാണെന്നും പറഞ്ഞു. ഇലക്ട്രോണിക്സ് സിറ്റിയിലെ ജി.ആർ. ഫാം ഹൗസിൽ മേയ് 19-ന് രാത്രിയാണ് പാർട്ടിനടത്തിയത്. ജന്മദിനാഘോഷം എന്നുപറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാർട്ടി സംഘടിപ്പിച്ചത്. പുലർച്ചെ മൂന്നോടെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ നർകോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു.

സംഭവത്തിൽ അഞ്ചുപേരാണ് അറസ്റ്റിലായത്. പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാംപിൾ പരിശോധനയിൽ ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *