ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ല; നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല

ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കശ്മീർ മേഖലയിൽ ബി.ജെ.പിയുമായി സംഖ്യത്തിലായ രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതയെ ഉമർ അബ്ദുല്ല ചോദ്യം ചെയ്തത്. നാഷണൽ കോൺഫറൻസിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രം തമ്മിൽ യോജിക്കില്ലെന്നും ജമ്മു കശ്മീരിന് വേണ്ടി ബി.ജെ.പി ആഗ്രഹിക്കുന്നതും നാഷണൽ കോൺഫറസ് പോലുള്ള പാർട്ടികൾ ആഗ്രഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ഉമർ ചൂണ്ടിക്കാട്ടുകയുണ്ടായി.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ കുറിച്ച് പരാമർശിച്ച ഉമർ അബ്ദുല്ല, നിലവിലെ ബി.ജെ.പി സർക്കാറിന്‍റെ സമീപനത്തിൽ വ്യത്യാസമുണ്ടെന്നും പറഞ്ഞു. അവർ വ്യത്യസ്ത ബി.ജെ.പികളായിരുന്നു. അത് ‘ഇൻസാനിയത്ത്, ജമൂരിയത്ത്, കശ്മീരിയത്ത്’ എന്നതിനെ കുറിച്ച് സംസാരിച്ച ബി.ജെ.പിയായിരുന്നു. നമുക്ക് സുഹൃത്തുക്കളെ മാറ്റാമെന്നും എന്നാൽ, അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നും ഉമർ അബ്ദുല്ല വ്യക്തമാക്കി.

പാകിസ്താൻ എപ്പോഴും അയൽക്കാരായിരിക്കുമെന്നും അതിനാൽ ബന്ധം സാധാരണ നിലയിലാക്കാൻ നോക്കണമെന്നും പ്രധാനമന്ത്രി നിയന്ത്രണരേഖയിൽ പോയി പറഞ്ഞ ഒരു ബി.ജെ.പിയായിരുന്നു അതെന്നും ബസിൽ കയറി മിനാർ ഇ പാകിസ്താനിലേക്ക് പോയ ബി.ജെ.പിക്കാരനായിരുന്നു പ്രധാനമന്ത്രിയെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *