ബി.എസ്.സി. കെമിസ്ട്രിക്ക് തുല്യമല്ല ബി.എസ്.സി. പോളിമർ കെമിസ്ട്രി; പിഎസ്‌സി വാദം സുപ്രീം കോടതി ശരിവച്ചു

ബിഎസ്‌സി കെമിസ്ട്രിക്ക് തുല്യമല്ല ബിഎസ്‌സി പോളിമർ കെമിസ്ട്രി എന്ന പി.എസ്.സിയുടെ വാദം സുപ്രീം കോടതി ശരിവച്ചു. ഉന്നത പഠനത്തിനും, ജോലിക്കും ബി.എസ്.സി പോളിമർ കെമിസ്ട്രി പാസ്സായ വിദ്യാർഥിക്ക് ബി.എസ്.സി കെമിസ്ട്രിയുടെ തുല്യത സർട്ടിഫിക്കറ്റ് നൽകിയ കാലിക്കറ്റ് സർവ്വകലാശാല നടപടി സാധുവല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുല്യത സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരും റിക്രൂട്ട്മെന്റ് അതോറിറ്റിയുമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്. 2008 ൽ പി.എസ്.സി ഹൈസ്‌കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് ക്ഷണിച്ച വിജ്ഞാപനത്തിൽ യോഗ്യതയായി പറഞ്ഞിരുന്നത് ബി.എസ്.സി കെമിസ്ട്രിയും ബി.എഡ് ഫിസിക്കൽ സയൻസുമായിരുന്നു. എഴുത്ത് പരീക്ഷയിൽ ബി.എസ്.സി പോളിമർ കെമിസ്ട്രിയും ബി.എഡ് ഫിസിക്കൽ സയൻസും ബിരുദം ഉണ്ടായിരുന്ന ഒരു ഉദ്യോഗാർഥി വിജയിച്ചിരുന്നു.

എന്നാൽ ഈ ഉദ്യോഗാർഥിയുടെ പേര് അന്തിമ മെറിറ്റ് ലിസ്റ്റിൽ പി.എസ്.സി ഉൾപെടുത്തിയില്ല. ഉന്നത പഠനത്തിനും ജോലിക്കും ബി.എസ്.സി പോളിമർ കെമിസ്ട്രി പാസ്സായ വിദ്യാർഥികൾക്ക് ബി.എസ്.സി കെമിസ്ട്രി യുടെ തുല്യത സർട്ടിഫിക്കറ്റ് കാലിക്കറ്റ് സർവ്വകലാശാല നൽകിയിട്ടുണ്ട് എന്നായിരുന്നു ഉദ്യോഗാർഥിയുടെ വാദം.

എന്നാൽ രണ്ട് കോഴ്‌സുകളും തുല്യമല്ല എന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചത്. കോഴ്‌സുകളുടെ തുല്യത സംബന്ധിച്ച വിഷയം കോടതികളല്ല തീരുമാനിക്കേണ്ടതെന്നും പി.എസ്.സി വാദിച്ചു. ഈ വാദം സുപ്രീം കോടതി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *