ബിഹാർ പോലീസെടാ…! മദ്യപാനക്കേസിലെ പ്രതികളെക്കൊണ്ട് കോടതിയിലേക്ക് ജീപ്പ് തള്ളിച്ച് പോലീസ്

ബിഹാർ പോലീസ് സേനയുടെ തലയിൽ മറ്റൊരു ‘പൊൻതൂവൽ’ കൂടി. സേനയെയാകെ നാണം കെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭഗൽപുരിലെ കച്ചഹാരി ചൗക്കിലാണ് സംഭവം. കോടതിയിലേക്കു കൊണ്ടുപോയ നാലു പ്രതികളെക്കൊണ്ട് ഇന്ധനം തീർന്ന പോലീസ് ജീപ്പ് തള്ളിച്ച സംഭവമാണ് പോലീസിനെ വെട്ടിലാക്കിയത്. ഉത്തരേന്ത്യയിൽ ഇതിലും വലിയ സംഭവങ്ങൾ സാധാരണമാണെന്ന് ഒരു വിഭാഗം നിസാരവത്കരിക്കപ്പെടുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരേ വൻ വിമർശനങ്ങളാണ് ഉയരുന്നത്.

500 മീറ്ററിലേറെയാണു പ്രതികൾ മഹീന്ദ്ര സ്‌കോർപിയോ തള്ളിയത്. ഏറ്റവും അടുത്തുള്ള പെട്രോൾ പന്പിലേക്കാണു പ്രതികളെക്കൊണ്ടു വാഹനം തള്ളിച്ചത്. വിലങ്ങണിയിച്ചിരുന്ന പ്രതികളെ കയർ കൊണ്ടു കൂട്ടിക്കെട്ടിയാണ് പോലീസുകാർ ജീപ്പ് തള്ളാൻ ആവശ്യപ്പെട്ടത്. ബന്ധനാവസ്ഥയിൽ സ്‌കോർപിയോ പോലൊരു വലിയ വാഹനം വളരെ പ്രയാസപ്പെട്ടാണു നാലു പേരും തള്ളുന്നത്. സംഭവത്തിൻറെ വീഡിയോ ആയിരക്കണക്കിന് ആളുകളാണു കണ്ടത്.

പോലീസിനെതിരേ വൻ വിമർശനങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യം ഉപയോഗിച്ചു എന്ന കേസിലാണ് നാലു പേരും അറസ്റ്റിലായത്. 2016 മുതലാണ് ബീഹാറിൽ സമ്പൂർണമദ്യനിരോധനം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *