ബിഹാറിലെ 243 സീറ്റുകളിലും മത്സരിക്കും , 40 സീറ്റുകൾ സ്ത്രീകൾക്ക് ; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 243 സീറ്റുകളിലും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സുരാജ് ഒക്ടോബര്‍ 2ന് രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുമെന്ന അറിയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കുമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു.

സംസ്ഥാനത്ത് ജനകീയ സർക്കാർ അധികാരത്തിൽ വന്നാല്‍ ബിഹാറിലെ ജനങ്ങൾക്ക് പ്രതിമാസം 10,000-12,000 രൂപയുടെ ജോലികൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഞ്ച് വർഷത്തിനുള്ളിൽ 70 മുതൽ 80 വരെ സ്ത്രീകളെ പരിശീലിപ്പിക്കാനും തങ്ങളുടെ ശക്തിയും മാനേജ്‌മെൻ്റും ഉപയോഗിച്ച് അവരെ പിന്തുണയ്‌ക്കാനും നേതൃനിരയിലേക്ക് കൊണ്ടുവരാനും ബോധവത്ക്കരണം ആരംഭിച്ചിട്ടുണ്ടെന്ന് കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പറ്റ്നയില്‍ ജന്‍ സുരാജ് പ്രചാരണവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കിഷോർ. ഇത് തങ്ങളുടെ വനിതാ സെല്ലിൻ്റെ യോഗമല്ലെന്നും അവരെ യഥാർത്ഥ അർത്ഥത്തിൽ നേതാക്കളാക്കി മാറ്റാനുള്ള ശ്രമമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“2025-ൽ ജന്‍ സുരാജ് ബിഹാറിൽ സർക്കാർ രൂപീകരിക്കുമ്പോൾ, സ്വന്തമായി സമ്പാദിക്കാൻ ആഗ്രഹിക്കുന്ന, ബിസിനസുകാരിയാകാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും സാമ്പത്തിക സഹായം നൽകും, ഇത് ‘ജീവിക ദിദീസ്’ല്‍ നിന്നും ഈടാക്കുന്ന നിലവിലെ പലിശ നിരക്കിനെക്കാൾ കുറവായിരിക്കും” പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *