ബിഹാറിന് പ്രത്യേകപദവി നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

ബിഹാറിന് പ്രത്യേകപദവി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു., കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാരിന്റെ ഭാഗമായിരിക്കേ ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം.

മുന്‍കാലങ്ങളില്‍ ചില പ്രത്യേകഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ (എന്‍.ഡി.സി.) പ്രത്യേക പദവി അനുവദിച്ചിരുന്നു. എന്നാല്‍ ബിഹാറിനുള്ള പ്രത്യേക പദവി സംബന്ധിച്ച ആവശ്യം നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയല്ല ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഇത്തരത്തിലുള്ള വര്‍ഗീകരണം വ്യവസ്ഥ ചെയ്യാത്തതിനാല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.

ബിഹാറിന് പ്രത്യേക പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജെ.ഡി.യു. ദേശീയ എക്സിക്യുട്ടീവ് യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *