ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കും മുൻപ് പാക്കിസ്ഥാനെ അറിയിച്ചു; നരേന്ദ്ര മോദി

2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുൻപ് പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലുമെന്നും മോദി പറഞ്ഞു. കർണാടകയിലെ ബഗൽകോട്ടിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘പിന്നിൽനിന്ന് ആക്രമിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. മുഖത്തോടു മുഖം പോരാടുകയാണ് ചെയ്യുന്നത്. ആക്രമണ വിവരം മാധ്യമങ്ങളെ അറിയിക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. രാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് അതിനു മുൻപ് പാക്കിസ്ഥാനെ ടെലിഫോണിൽ അറിയിക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവരെ ഫോണിൽ കിട്ടിയില്ല. തുടർന്ന് സൈന്യത്തോടു കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിവരം അറിയിച്ചതിനു ശേഷമാണ് ബാലക്കോട്ട് ആക്രമണദിവസം രാത്രി എന്താണു സംഭവിച്ചതെന്നു ലോകത്തോടു പറഞ്ഞത്. ഞാൻ ഒരിക്കലും ഒന്നും ഒളിച്ചു വയ്ക്കാറില്ല. ഇതു പുതിയ ഭാരതമാണ്. നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലും’ മോദി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി 2019 ഫെബ്രുവരി 26നാണ് ഇന്ത്യൻ പോർവിമാനങ്ങൾ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങൾക്കു നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *