ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ച നിലയിൽ; പാസ്റ്ററിനെതിരെ പരാതിയുമായി കുടുംബം

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസിൽ പരാതിയുമായി കുടുംബം. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.  അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവൽ എന്ന യുവാവിനെ ചെകുത്താൻ ബാധിച്ചെന്നും ഒഴിപ്പിക്കൽ നടത്തണമെന്നും  പാസ്റ്റർ ആവശ്യപ്പെട്ടു. 

ഇതിന്പിന്നാലെ പാസ്റ്ററും സഹായികളും യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനൊടുവിൽ അവശനായ യുവാവിനെ വീട്ടിലെ സോഫയിൽ കിടത്തിയ ശേഷം പാസ്റ്ററും അനുയായികളും മടങ്ങുകയായിരുന്നു. ഓഗസ്റ്റ് 21 രാത്രിയായിരുന്നു ഒഴിപ്പിക്കൽ നടന്നത്. രാവിലെ സോഫയിൽ മരിച്ചനിലയിൽ സാമുവലിനെ കുടുംബം കണ്ടെത്തുകയായിരുന്നു. മൂന്ന്  കുട്ടികളാണ് സാമുവലിനുള്ളത്. വീടിന് സമീപത്തെ സെമിത്തേരിയിൽ സാമുവലിനെ അടക്കം ചെയ്ത ശേഷം വീട്ടുകാർ പാസ്റ്ററിനെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 

വീട്ടുകാരുടെ പരാതിയെ തുടർന്ന് ശനിയാഴ്ച ഡെപ്യൂട്ടി മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ സാമുവലിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്നു. പാസ്റ്റർ ജേക്കബ്, പ്രധാന സഹായിയായ ബൽജീത് സിംഗ് സോനും അടക്കം എട്ട് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പാസ്റ്ററിനെതിരെ കേസ് എടുത്തതായാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *