ബാങ്കിലെ കാഷ്യർ പോലും ഇത്രയധികം തുക കണ്ടിട്ടുണ്ടാകില്ല; കോൺഗ്രസ് എം.പിയെ സസ്‌പെൻഡ് ചെയ്യാത്തതിൽ അമിത് ഷാ

കോൺഗ്രസ് രാജ്യസഭാ എം.പി ധീരജ് പ്രസാദ് സാഹുവിൽ നിന്നും കോടിക്കണക്കിനു രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാത്തതിൽ ഇൻഡ്യ മുന്നണിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസമാണ് സാഹുവിൻറെ സ്ഥാപനങ്ങളിൽ നിന്നായി 353 കോടി രൂപ പിടിച്ചെടുത്തത്. അഞ്ചു ദിവസം കൊണ്ടാണ് പണം എണ്ണിത്തീർത്തത്.

”ജാർഖണ്ഡിൽ ഒരു എം.പിയുണ്ട്. അദ്ദേഹം ഏതു പാർട്ടിക്കാരനാണെന്ന് ഞാൻ പറയേണ്ടതില്ല. ലോകത്തിനു മുഴുവൻ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യർ പോലും പറയുന്നു. താൻ ഇത്രയധികം തുക കണ്ടിട്ടില്ലെന്ന്” രാജ്യസഭയിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളുടെ ചർച്ചയിൽ മറുപടി പറയവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.എന്നാൽ പ്രസ്തുത എം.പിയുടെയോ പാർട്ടിയുടെയോ പേര് അദ്ദേഹം പറഞ്ഞില്ല. അഞ്ചു ദിവസം തുടർച്ചയായി നോട്ടെണ്ണേണ്ടി വന്നു. 27 വോട്ടെണ്ണൽ മെഷീനുകളും ചൂടുപിടിച്ചു. എണ്ണൽ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഘമാണ്ഡിയ സഖ്യങ്ങളിലൊന്നും (ഇൻഡ്യ മുന്നണി) അതിനെ കുറിച്ച് അഭിപ്രായം പറയുകയോ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ല. ഒരാൾ പോലും’ ഷാ പറഞ്ഞു.

ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിൻറെ കീഴിലുള്ള സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച പരിശോധന തിങ്കളാഴ്ചയും തുടർന്നിരുന്നു. 353 കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്. ഒരു സ്ഥാപനത്തിൽ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.അഞ്ചു ദിവസം കൊണ്ടാണ് പണം മുഴുവൻ എണ്ണിത്തീർത്തത്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 വോട്ടെണ്ണൽ മെഷീനുകളും വേണ്ടിവന്നു ഈ ഉദ്യമത്തിന്. എം.പിയുടെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള ഒഡിഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. ബലംഗീർ ജില്ലയിൽ നടത്തിയ പരിശോധനയിൽ 305 കോടിയാണ് കണ്ടെടുത്തത്. സംബൽപൂരിൽ നിന്ന് 37.5 കോടിയും തിത്ലഗഢിൽ 11 കോടിയും പിടിച്ചെടുത്തു. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം, ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത എല്ലാ പണവും തിങ്കളാഴ്ച ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയിൽ നിക്ഷേപിക്കും.

Leave a Reply

Your email address will not be published. Required fields are marked *