ബന്ധം തകർന്നത് മനോവേദന ഉണ്ടാക്കും , എന്നാൽ ആത്മഹത്യാ പ്രേരണയായി കണാനാവില്ല ; സുപ്രീംകോടതി

ബന്ധങ്ങളിലുണ്ടാകുന്ന തകർച്ച മനോവേദന ഉണ്ടാക്കുമെങ്കിലും അതിനെ ആത്മഹത്യപ്രേരണയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. എട്ടു വർഷത്തെ പ്രണയ ബന്ധത്തിന് ശേഷം യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.കർണ്ണാക സ്വദേശിനിയായ 21 കാരിയാണ് കാമുകൻ വിവാഹത്തിന് വിസമ്മതിച്ചതോടെ ജീവനൊടുക്കിയത്. 2007 ഓഗസ്റ്റിലാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.

മകളുടെ മരണത്തിന് പിന്നാലെ യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.കമറുദ്ദീൻ ദാസ്തിഗർ സനാദി എന്ന യുവാവിനെയാണ് കോടതി വെറുതെ വിട്ടത്. ആത്മഹത്യ പ്രേരണ, വഞ്ചന കുറ്റം, ബലാത്സംഗം എന്നീ കുറ്റങ്ങളായിരുന്നു കമറുദ്ദീനെതിരെ ചുമത്തിയിരുന്നത്. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടു.

തുടർന്ന് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആത്മഹത്യ പ്രേരണ, വഞ്ചന കുറ്റങ്ങൾക്ക് കമറുദ്ദീനെ അഞ്ച് വർഷത്തേക്ക് തടവിന് വിധിച്ചു. ഇതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കമറുദ്ദീന്‍റെ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി പ്രതിക്ക് യുവതിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നതായോ, ആത്മഹത്യയിലേക്ക് നയിക്കുന്ന കുറ്റം നടന്നതായോ മരണമൊഴികളിലെന്ന് നിരീക്ഷിച്ചു. ക്രൂരത നേരിട്ടതിനെ തുടർന്നുള്ള ആത്മഹത്യയാണെങ്കിൽ പോലും പലപ്പോഴും മാനസികാവസ്ഥയാണ് അതിലേക്ക് നയിച്ചതെന്നും അപ്പീൽ പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.

വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *