ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ കിഴക്കൻ മേദിനിപൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മുതിർന്ന നേതാവ് അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.15 ഓടെ നര്യബില ഗ്രാമത്തിലെ തൃണമൂൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ശക്തമായ സ്ഫോടനമാണ് ഉണ്ടായത്.   സംഭവത്തിൽ ഓല മേഞ്ഞ മേൽക്കൂരയുള്ള മൺ വീട് പൊട്ടിത്തെറിച്ചു. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. തൃണമൂൽ നേതാവിന്റെ വീട്ടിൽ നാടൻ ബോംബുകൾ തയ്യാറാക്കിയിരുന്നതായി ബിജെപി ആരോപിച്ചു.

ബോംബ് നിർമ്മാണ വ്യവസായം മാത്രമാണ് സംസ്ഥാനത്ത് തഴച്ചുവളരുന്നതെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അവരിൽ നിന്ന് വിശദീകരണം വേണമെന്നും മുതിർന്ന സിപിഎം നേതാവ് സുജൻ ചക്രവർത്തി ആവശ്യപ്പെട്ടു. തെളിവുകളില്ലാതെ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയെ കുറ്റപ്പെടുത്താൻ പ്രതിപക്ഷത്തിന് വളരെ എളുപ്പമാണെന്ന് തൃണമൂൽ കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *