ഫേഷ്യലിനിടയിൽ പിടികൂടിയ അധ്യാപികയെ കടിച്ചുമുറിച്ച് പ്രിൻസിപ്പൽ

സ്കൂൾ പ്രവർത്തനസമയത്ത് ഫേഷ്യൽ ചെയ്യുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ചവരുത്തുന്ന, നിരവധി ആരോപണങ്ങൾ നേരിടുന്ന പ്രിൻസിപ്പലിനെ കൈയോടെ പൊക്കിയ സഹപ്രവർത്തകരിലൊരാളെ മർദിക്കുകയും കൈ കടിച്ചുമുറിക്കുകയും ചെയ്തു പ്രധാന അധ്യാപിക.

ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണു സംഭവം. പ്രധാന അധ്യാപിക സംഗീത സിംഗ് പ്രവൃത്തിസമയത്ത് മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയായിരുന്നു. വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തായിരുന്നു സൗന്ദര്യവർധക ചികിത്സ. പ്രിൻസിപ്പലിനു ഫേഷ്യൽ ചെയ്തുകൊടുക്കുന്നത് അതേ സ്കൂളിലെ ജീവനക്കാരിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഔദ്യോഗിക കാര്യങ്ങളിൽ അന്പേ പരാജ‍യവും സഹപ്രവർത്തകരോടു മോശമായി പെരുമാറുകയും ചെയ്യുന്ന പ്രിൻസിപ്പലിനോട് സ്കൂളിലെ മറ്റുചില ജീവനക്കാർക്കു താത്പര്യമുണ്ടായിരുന്നില്ല. പ്രിൻസിപ്പലിന്‍റെ പ്രവൃത്തി കൈയോടെ പിടികൂടാനും മേലധികാരികളെ അറിയിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണു സ്കൂളിലെ അധ്യാപികയായ ആനം ഖാൻ ദൃശ്യങ്ങൾ പകർത്തിയത്. 

ദൃശ്യങ്ങൾ പകർത്തിയതിൽ പ്രകോപിതയായ പ്രിൻസിപ്പൽ തന്‍റെ സഹപ്രവർത്തകയെ പിന്തുടരുകയും മർദിക്കുകയും കടിച്ചുമുറിവേൽപ്പിക്കുകയുമായിരുന്നു. ആനം ഖാനേറ്റ  ക്ഷതങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സംഭവത്തിൽ പ്രിൻസിപ്പലിനെതിരേ കേസ് എടുത്തിട്ടുണ്ട് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *