ഫിൻജാൻ ചുഴലിക്കാറ്റ് ; തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാർത്താക്കുറിപ്പിറക്കി. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചുവെന്നതും പ്രസക്തമാണ്. കേന്ദ്ര സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന് ശേഷം കൂടുതൽ തുക നൽകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ശമിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴ്‌നാടിന് കേന്ദ്ര സഹായം ലഭിച്ചു.

അതേസമയം തമിഴ്നാട് തീരത്ത് വീണ്ടും ന്യൂനമർദ്ദ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് നൽകി. അടുത്ത വ്യാഴാഴ്ചയോടെ ശ്രീലങ്ക തമിഴ്നാട് തീരത്ത് എത്താനാണ് സാധ്യത. നാളെ മുതൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനം ഒഴിവാക്കണമെന്നും വകുപ്പ് നിർദ്ദേശം നൽകി. ഫിൻജാൽ ചുഴലിക്കാറ്റിന്ർറെ ആഘാതത്തിൽ നിന്ന് സംസ്ഥാനം കരകയറും മുൻപാണ് പുതിയ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *