പ്രിയ രാഹുൽ, എന്റെ വീട് അങ്ങയുടെ വീടാണ്’: ടി.എൻ.പ്രതാപൻ

 ഔദ്യോഗിക വസതിയിൽനിന്ന് ഒഴിയേണ്ടി വന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ച് ടി.എൻ.പ്രതാപൻ എംപി. ‘എന്റെ വീട് അങ്ങയുടെ വീടാണ്’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നൽകിയെന്നും എന്നാൽ, സത്യം പറയുന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കാനുള്ള ചട്ടങ്ങൾ കെട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

അലഹാബാദിലെ ആനന്ദ ഭവനും സ്വരാജ്യ ഭവനും മോത്തിലാൽ നെഹ്‌റു പണികഴിപ്പിച്ചതാണ്. നെഹ്‌റു കുടുംബത്തിന്റെ തറവാട് എന്നു പറയാം. പക്ഷേ, ഇന്നത് സർക്കാർ സ്വത്താണ്. ആ കുടുംബവീട് അവർ രാജ്യത്തിനു നൽകി. ജവാഹർലാൽ തന്റെ സ്വത്തിൽനിന്ന് പൊതു ഖജനാവിലേക്ക് 192 കോടി രൂപ സംഭാവനയായി നൽകി. ഇന്നത്തെ 12,000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കയ്യിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി ഇന്ത്യൻ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നൽകി. ഇന്ദിരയും രാജീവും ഈ മണ്ണിനു വേണ്ടി അവരുടെ ജീവനും രക്തവും നൽകി.

ഇപ്പോൾ സത്യം പറയുന്നതിന്റെ പേരിൽ, അഴിമതിക്കാരുടെ പൊയ്‌മുഖങ്ങൾ തുറന്നുകാട്ടുന്നതിന്റെ പേരിൽ, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കാനുള്ള ചട്ടങ്ങൾ അവർ കെട്ടി. തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതിയിൽനിന്ന് രാഹുൽ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവിൽ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.

Leave a Reply

Your email address will not be published. Required fields are marked *