പ്രാദേശിക സംവിധാനത്തെയോ ഗുജറാത്ത് സർക്കാരിനെയോ വിശ്വസിക്കുന്നില്ല; രാജ്‌കോട്ട് തീപിടിത്തത്തിൽ ഹൈക്കോടതി

രാജ്‌കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ ഗുജറാത്ത് സർക്കാരിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിന്റെയും രാജ്‌കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. രണ്ടു വർഷമായി ലൈസൻസോ അഗ്‌നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ട് ഗെയിമിങ് സെന്ററുകളും പ്രവർത്തിച്ചിരുന്നത് എന്ന വിവരം അറിയിച്ചപ്പോഴാണ്, സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചത്.

‘ഇത്രനാൾ നിങ്ങൾക്ക് കണ്ണു കാണില്ലായിരുന്നോ? അതോ ഉറങ്ങുകയായിരുന്നോ? ഇപ്പോൾ പ്രാദേശിക സംവിധാനത്തെയോ സംസ്ഥാന സർക്കാരിനെയോ ഞങ്ങൾ വിശ്വസിക്കുന്നില്ല.’ കോടതി പറഞ്ഞു.

ഗെയിമിങ് സെന്ററിന് പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് പറഞ്ഞ മുൻസിപ്പൽ കോർപ്പറേഷനെയും കോടതി ശക്തമായ ഭാഷയിൽ ശകാരിച്ചു. രണ്ടര വർഷമായി സെന്റർ നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മുൻസിപ്പൽ ഉദ്യോഗസ്ഥർ എവിടെയായിരുന്നെന്ന് കോടതി ചോദിച്ചു. മുൻസിപ്പൽ ഓഫിസർമാർ ഗെയിമിങ് സെന്ററിൽ നിൽക്കുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ കോടതിയുടെ വാക്കുകൾ കൂടുതൽ പരുഷമായി. ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ ആരാണെന്നും അവരും ഗെയിമിങ് സെന്ററിൽ കളിക്കുകയായിരുന്നോയെന്നും കോടതി ചോദിച്ചു.

അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മറ്റു രണ്ട് ഗെയിമിങ് സെന്ററുകൾ കൂടിയുണ്ടെന്നും ഇത്തരം കേസുകൾ അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *