പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ

പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ. 27-കാരനായ പ്രവർത്തകനെ പീഡിപ്പിച്ച കേസിലാണ് ഹോലെനരസിപുര പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്.

ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദേവഗൗഡയുടെ കൊച്ചുമകനും പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്.

ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് പിന്നീട് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പീഡനത്തിനോട് സഹകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാൻ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം വ്യാജമാണെന്നായിരുന്നു സൂരജ് രേവണ്ണയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *