പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച അപകീര്‍ത്തിക്കേസ്; സഞ്ജയ് സിങ്ങിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച അപകീര്‍ത്തിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരെ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സഞ്ജയ് സിങ്ങിന്‍റെ ഹര്‍ജിയാണ് തള്ളിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് സര്‍വകലാശാലാ രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേയും സഞ്ജയ് സിങ്ങിനെതിരേയും പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ അനുമതി നല്‍കിയതിനുപിന്നാലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതായാണ് പരാതി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസവിവരങ്ങള്‍ പങ്കുവെക്കാന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടതിനുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും എക്‌സ് പ്ലാറ്റ്‌ഫോമിലും കെജ്‌രിവാളും സഞ്ജയ് സിങ്ങും പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുക വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍വകലാശാലയുടെ അന്തസ്സിന് കളങ്കമേറ്റതായി പിയൂഷ് പട്ടേല്‍ പരാതിയില്‍ വ്യക്തമാക്കി.

ഇരുനേതാക്കള്‍ക്കുമെക്കെതിരെയുള്ള കേസിലെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ ജനുവരിയില്‍ വിചാരണക്കോടതിയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ സഞ്ജയ് സിങ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *