പ്രണയ’പ്രേത’ത്തെ പുറത്താക്കാൻ മന്ത്രവാദം; യുവതിയെ പീഡിപ്പിച്ച മൗലാനയെ ചെരിപ്പിനടിച്ച് അമ്മ

ഉത്തർപ്രദേശിൽ മന്ത്രവാദത്തിനിടെ തൻറെ മകളെ പീഡിപ്പിച്ച മൗലാനയെ ജനക്കൂട്ടവിചാരണക്കിടയിൽ ചെരിപ്പുകൊണ്ടടിച്ച് മാതാവ്. മൊറാദാബാദിലാണു സംഭവം. യുവതിയെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാനും മനസുമാറ്റാനുമാണു യുവതിയെ മുസ്ലിം പുരോഹിതൻറെ അടുത്തെത്തിച്ചത്.

അമ്മയോടു പ്രാർഥിക്കാൻ പറഞ്ഞശേഷം പ്രണയപ്രശ്നങ്ങൾ ‘ഭൂതോച്ചാടന’ത്തിലൂടെ പരിഹരിക്കാനായി യുവതിയെ മൗലാന മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽനിന്നു പുറത്തുവരാത്തതുകണ്ട് ബലം പ്രയോഗിച്ച് മുറിക്കകത്തേക്കു കടന്നപ്പോൾ മൗലാന യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

തുടർന്ന്, മാതാവ് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാരും അമ്മയും ചേർന്ന് പുരോഹിതനെ ശരിക്കും കൈകാര്യം ചെയ്തു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെരിപ്പിന് അടികിട്ടുമ്പോൾ മൗലാന കൂപ്പുകൈകളോടെ അപേക്ഷിക്കുന്നതു ദൃശ്യങ്ങളിൽ കാണാം.

മൊറാദാബാദിലെ അഗ്വാൻപുർ പ്രദേശത്താണ് ഇസ്ലാമിക പ്രഭാഷകൻ താമസിച്ചിരുന്നത്. അവിടെ അയാൾ മതപ്രഭാഷണങ്ങൾ നടത്തിയിരുന്നു. പ്രേതങ്ങളെ പുറത്താക്കാനും ആളുകളെ സുഖപ്പെടുത്താനുമുള്ള അധികാരം തനിക്കുണ്ടെന്ന് മൗലാന അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *