പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസ് ; ദൃശ്യങ്ങൾ ചോർത്തിയ പ്രജ്ജ്വലിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ

പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീലവീഡിയോ കേസില്‍ പ്രജ്ജ്വലിന്റെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു.അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തിയതിനാണ് അറസ്റ്റ്. ഹാസൻ-മൈസൂർ അതിർത്തിയിലെ ദേശീയ പാതയിൽ വെച്ച് എസ്.ഐ.ടി അറസ്റ്റ് ചെയ്ത കാർത്തിക്കിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ഹാസൻ കോടതിയും കർണാടക ഹൈക്കോടതിയും ഇയാളുടെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.

കേസെടുത്ത് ഒരു മാസമായിട്ടും കാർത്തിക്കിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ രോഷം ഉയർന്നിരുന്നു. പ്രജ്ജ്വലിന്റെയും ഇരകളുടെയും ലൈംഗികാതിക്രമ വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ ബി.ജെ.പി നേതാവ് ദേവരാജെ ഗൗഡയ്ക്ക് കാർത്തിക് നൽകിയെന്നും ഏപ്രിൽ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹാസൻ മണ്ഡലത്തിൽ പ്രചരിപ്പിച്ചെന്നുമാണ് കേസ്.

വീഡിയോകൾ ചോർത്തിയതിന് കാർത്തികിനും മറ്റ് നാല് പേർക്കുമെതിരെ ഏപ്രിൽ 23ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇവരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും കാര്‍ത്തികിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിയിരുന്നില്ല. പ്രജ്ജ്വല്‍ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വര്‍ഷം ജോലിചെയ്ത കാര്‍ത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഹൊളെ നരസിപുരയില്‍ കാര്‍ത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രജ്ജ്വലുമായുണ്ടായ തര്‍ക്കമാണ് കാരണം.

അതേസമയം ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്ജ്വല്‍ രേവണ്ണയെ എസ്.ഐ.ടി. ഞായറാഴ്ചയും ചോദ്യം ചെയ്തു. തിങ്കളാഴ്ച( ഇന്ന്) കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *