പോലീസ് കസ്റ്റഡിയിൽ മേക്കപ്പ് ചെയ്ത് പവിത്ര ഗൗഡ; വിശദീകരണവുമായി ഡിസിപി

രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ സൂപ്പർ താരം ദർശനും നടി പവിത്ര ഗൗഡയും രണ്ടാഴ്ച്ച മുമ്പാണ് അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റേയും സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളിട്ടതിന്റേയും പേരിലാണ് ദർശൻ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്. പവിത്ര ഗൗഡയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ദർശൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയും ചെയ്തു.

ഇപ്പോഴിതാ പോലീസ് കസ്റ്റഡിയിലുള്ള പവിത്രയുടെ മേക്കപ്പ് ചെയ്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി പവിത്രയെ പോലീസ് ബെംഗളൂരുവിലെ വീട്ടിലെത്തിച്ചിരുന്നു. അവിടെ നിന്ന് തിരിച്ചുപോരുമ്പോൾ എടുത്ത ചിത്രത്തിലാണ് പവിത്ര മേക്കപ്പ് ചെയ്തിരിക്കുന്നത്. ചുണ്ടിൽ ലിപ്സ്റ്റിക്കിട്ടതും വ്യക്തമായി കാണാം.

ഇത് ചർച്ചയായതോടെ വെസ്റ്റ് ഡിസിപി ഓഫീസിൽ നിന്നുള്ള വിശദീകരണ കുറിപ്പ് പുറത്തുവന്നു. ‘പവിത്ര ഗൗഡ താമസിക്കുന്ന വീട്ടിൽ എപ്പോഴും മേക്കപ്പ് ബാഗ് സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തിയപ്പോൾ അവർ വാഷ്റൂം ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നതായി വനിതാ എസ്ഐ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് വാഷ്റൂമിൽ നിന്ന് പുറത്തുവന്നപ്പോൾ അവർ മേക്കപ്പിട്ടിട്ടുണ്ടായിരുന്നു. ഇത് വനിതാ എസ്ഐയുടെ ശ്രദ്ധയിൽപെടാൻ സാധ്യതയുണ്ട്. മേക്കപ്പ് ചെയ്യുന്നത് അവർ വിലക്കേണ്ടതായിരുന്നു. ഈ അശ്രദ്ധ ചൂണ്ടിക്കാട്ടി എസ്ഐയിൽ നിന്ന് വിശദീകരണക്കുറിപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.’ വെസ്റ്റ് ഡിസിപി ഗിരീഷ് വ്യക്തമാക്കുന്നു.

പത്ത് വർഷത്തോളമായി ദർശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *