പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെങ്കിലും കൊല്ലപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നവംബർ 10 ന് രാത്രിയില്‍ കോരാപുട്ട് ജില്ലയിലെ ബൈപാരിഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് വെടിവെപ്പ് നടന്നത്.

“അജ്ഞാതരായ രണ്ട് പുരുഷ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ചില സാമഗ്രികൾക്കൊപ്പം ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്,” സംഭവശേഷം ഡിഐജി രാജേഷ് പണ്ഡിറ്റ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഏറ്റുമുട്ടലിൽനിരവധി മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടാകുമെന്നും ഡിഐജി കൂട്ടിച്ചേര്‍ത്തു. എലൈറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്‌ഒജി) ഉദ്യോഗസ്ഥരും ജില്ലാ പൊലീസും അടങ്ങുന്ന സുരക്ഷാ സേന മാലിപാടാർ, അടൽഗുഡ, ബദിൽപഹാഡ് വനമേഖലകളിൽ പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വെടിവയ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്. 

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ, മാലിപാഡ ഗ്രാമത്തിന്‍റെ പരിസരത്ത് പത്ത് പതിനഞ്ച് വിമതർ ക്യാമ്പ് ചെയ്യുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ മാവോയിസ്റ്റുകള്‍ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി എസ്ഒജി ടീം നടത്തിയ വെടിപ്പെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയായിരുന്നെന്നും പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. തിരച്ചിലിൽ മൂന്ന് നാടൻ തോക്കുകൾ, രണ്ട് മാവോയിസ്റ്റ് യൂണിഫോമുകൾ, അഞ്ച് ഡിറ്റണേറ്ററുകൾ, മൊബൈൽ ചാർജറുകൾ, ഒഴിഞ്ഞ ബുള്ളറ്റ് കേസുകൾ, മറ്റ് വസ്തുക്കൾ എന്നിവ പൊലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *