പൊങ്കൽ കത്തുമായി ‘തമിഴകം ഗവർണർ’; ‘ഗെറ്റ് ഔട്ട് രവി’ ബാനർ: പോര് മുറുകുന്നു

തമിഴ്‌നാട്ടിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. പൊങ്കൽ ആഘോഷത്തിന്റെ ക്ഷണക്കത്തിനെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണു ഗവർണർ ആർ.എൻ.രവി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച ക്ഷണക്കത്തിൽ തമിഴ്‍നാട് എന്നതിനു പകരം ‘തമിഴകം’ എന്നാണു ഗവർണർ ഉപയോഗിച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിലുള്ള പോരിനു പിന്നാലെ തമിഴ്നാട് നിയമസഭയിൽനിന്നു ഗവർണർ കഴിഞ്ഞദിവസം ഇറങ്ങിപ്പോയിരുന്നു. തമിഴ്നാടിന്റെ പേര് ‘തമിഴകം’ എന്നാക്കണമെന്നു ഗവർണർ നേരത്തേ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിഎംകെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ, ഇടതു പാർട്ടികൾ, മുസ്‌ലിം ലീഗ് എന്നിവയുടെ അംഗങ്ങൾ പ്രസംഗത്തിന്റെ തുടക്കത്തിൽതന്നെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോക്ക് നടത്തി. 

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ പൊങ്കൽ ആഘോഷത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ചുള്ള കത്തിൽ തമിഴകം എന്നു രേഖപ്പെടുത്തിയത് സ്റ്റാലിനെ പ്രകോപിപ്പിക്കാനാണ് എന്നാണു വിലയിരുത്തൽ. തമിഴകം ഗവർണർ എന്നാണു കത്തിലുള്ളത്. ക്ഷണക്കത്തിൽ തമിഴ്‍നാട് സർക്കാരിന്റെ മുദ്ര ഇല്ലായിരുന്നു. കേന്ദ്ര സർക്കാരിന്റെ മുദ്ര മാത്രമാണു പതിച്ചിരുന്നത്. അതേസമയം, ക്ഷണക്കത്തിന്റെ ഇംഗ്ലിഷ് പരിഭാഷയിൽ തമിഴ്‌നാട് എന്ന് ഉപയോഗിച്ചിട്ടുമുണ്ട്.

തമിഴ്നാട് എന്ന പേര് മാറ്റണമെന്ന നിലപാടിലാണു ഗവർണർ. തമിഴ് മണ്ണ്, തമിഴ് രാജ്യം എന്നെല്ലാമാണു തമിഴ്നാട് എന്നതിന്റെ അർഥം. തമിഴകം എന്നാൽ തമിഴ് ജനതയുടെ ഭൂമി എന്നാണെന്നും ഇതാണു പരമ്പരാഗത പേരെന്നുമാണു ഗവർണറുടെ ന്യായം. ബിജെപിയുടെയും ആർഎസ്എസിന്റെയും അജൻഡ നടപ്പാക്കാനാണു തമിഴകം എന്ന പേരുമായി ഗവർണർ രംഗത്തെത്തിയത് എന്നാണ് ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും ആരോപിക്കുന്നത്. ‘ഗെറ്റ് ഔട്ട് രവി’ ബാനറുകളുമായി ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു.  പൊതുനിരത്തുകളിലും സമൂഹമാധ്യമങ്ങളിലും ‘ഗെറ്റ് ഔട്ട് രവി’ പ്രചാരണമുണ്ട്.

ക്ഷണക്കത്തുകളുടെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവച്ച സിപിഎം എംപി സു. വെങ്കടേശൻ, ഗവർണർ ആർ.എൻ.രവിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം, സർക്കാർ തയാറാക്കിനൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണു ഗവർണർ വായിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചതോടെ ദേശീയഗാനത്തിനു കാത്തുനിൽക്കാതെ ഗവർണർ ഇറങ്ങിപ്പോയി. ഗവർണർ  സ്ഥാനമേറ്റ 2021 മുതൽ സർക്കാരുമായി ഉരസൽ പതിവാണെങ്കിലും സഭയിൽ പരസ്യ ഏറ്റുമുട്ടൽ ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *