പാൽ ഉൽപ്പന്നങ്ങളിൽ നിന്നും ഇവ നീക്കണം; നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

രാജ്യത്തെ പാൽ,പാലുൽപ്പന്നങ്ങളുടെ വിൽപനയിൽ നിർണായക നിർദ്ദേശവുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ(എഫ്എസ്എസ്‌ഐ). പാലിന്റെയോ പാലുൽപ്പന്നങ്ങളുടെയോ പാക്കേജിൽ നിന്ന് എ1, എ2 ലേബലുകൾ നീക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ ചേർക്കുന്നത് ജനങ്ങളെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടതിനെ തുടർന്നാണിത്. നിരവധി കമ്പനികളാണ് തങ്ങളുടെ പാല്, പാലുൽപ്പന്നങ്ങളായ നെയ്യ്, വെണ്ണ,തൈര് എന്നിവയ്ക്കെല്ലാം എ1,എ2 എന്ന് ചേർത്ത് വിൽപ്പന നടത്തുന്നതായി തെളിഞ്ഞിരിക്കുന്നത്.

പ്രോട്ടീൻ കലവറകളായ ഭക്ഷണ പദാർത്ഥമായ പാലിൽ അടങ്ങിയിരിക്കുന്ന രണ്ട് തരം പ്രോട്ടീനുകളാണ് എ1, എ2 എന്നിവ. സ്ഥിരമായി കാണപ്പെടുന്നവ എ1 ബീറ്റ കേസിനും എ2 ബീറ്റ കേസിനുമാണ്.എഫ്എസ്എസ്ഐ മാനദണ്ഡപ്രകാരം എ1,എ2 പ്രോട്ടീനുകൾ അടിസ്ഥാനമാക്കി പാലിന് എന്തെങ്കിലും പ്രത്യേക വ്യത്യാസം ഉണ്ടെന്ന് പറയുന്നില്ല. അതിനാൽ തന്നെ പാലിലെ കൊഴുപ്പിൽ എ2 പ്രോട്ടീൻ അടങ്ങിയതായ അറിയിപ്പ് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും എഫ്എസ്എസ്‌ഐ പറയുന്നു.ഓഗസ്റ്റ് 21ന് പുറത്തിറക്കിയ ഉത്തരവിൽ ബന്ധപ്പെട്ട ഇ-കൊമേഴ്സ് സ്ഥാപനങ്ങളും കമ്പനികളും അവരുടെ വെബ്‌സൈറ്റിൽ നിന്നും അതാത് ഉത്പന്നങ്ങളിൽ നിന്നും ഇത്തരം അവകാശവാദങ്ങൾ ഉടൻ പിൻവലിക്കണം എന്ന് ശക്തമായ നിർദ്ദേശമുണ്ട്. ഭക്ഷണ, പാലുൽപാദക കമ്പനികളുടെ അശാസ്ത്രീയമായ അവകാശവാദങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് എഫ്സിസിഐയുടേതെന്ന് ഇന്ത്യൻ ഡയറി അസോസിയേഷൻ പ്രസിഡന്റ് ആർ എസ് സോധി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *