പാർലമെന്റിലെ അതിക്രമം; രണ്ടിടത്ത് കൂടി പരിശോധന, മുഖ്യപ്രതിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം

പാർലമെൻ്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിൽ കൂടി അന്വേഷണ സംഘത്തിന്റെ പരിശോധന. കേസിലെ പ്രതികളായ സാഗർ ശർമ്മ, നീലം എന്നിവരുടെ ലക്നൗ, ജിൻഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. സാഗർ ശർമ്മ ഷൂ വാങ്ങിയ കടയുടമയേയും ചോദ്യം ചെയ്തു. 600 രൂപക്കാണ് ഷൂ വാങ്ങിയതെന്ന് കടയുടമ മൊഴി നൽകി. ഇയാളെ മൂന്ന് മണിക്കൂറോളം നേരം ചോദ്യം ചെയ്തു.

പാർലമെൻ്റിലെ അതിക്രമകേസിലെ മുഖ്യപ്രതി ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പാർലമെൻറിന് പുറത്തെ ദൃശ്യങ്ങൾ ഇയാൾക്കും ലളിത് അയച്ചിരുന്നു.ദൃശ്യങ്ങൾ പരമാവധി പ്രചരിപ്പിക്കാനും നിർദ്ദേശം നൽകി.ലളിതും മഹേഷും താമസിച്ച രാജസ്ഥാനിലെ ഹോട്ടലിലും അന്വേഷണ സംഘം പരിശോധന നടത്തി.

അധ്യാപകനായി ജോലി ചെയ്തിരുന്ന ലളിത് ഝായുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.സാമുഹിക പ്രവർത്തനങ്ങൾ അടക്കം നടത്തിയിരുന്ന ഝാ തീവ്രനിലപാടുള്ള സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്കിലെ അടക്കം പോസ്റ്റുകളിൽ ഇത്തരം എഴുത്തുകളാണ് കണ്ടെത്തിയത്. ഝായുടെ മാതാപിതാക്കളിൽ നിന്നടക്കം വിവരം തേടി. പ്രതികളുടെ മൊബൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്.ഇത് നശിപ്പിച്ചെന്നാണ് ഝായുടെ മൊഴി.പാർലമെൻറിൽ കൂടാതെ മൈസൂർ, ഗുരു ഗ്രാം ,രാജസ്ഥാൻ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *