പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. ജി 20 അധ്യക്ഷ പദവിയുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട് സഭാസമ്മേളനം മുന്‍പോട്ട് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. കേരള ഗവര്‍ണ്ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

മൂന്ന് ആ ഴ്ചയോളം നീളുന്ന സഭ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. അന്തരിച്ച അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും ഇരുസഭകളും ആദരമര്‍പ്പിച്ചു. രാജ്യസഭ ചെയര്‍മാനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ് ദീപ് ധന്‍കറിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. കര്‍ഷക പുത്രനായ ധന്‍കര്‍ രാജ്യത്തിന്‍റെ അഭിമാനമാണന്ന് രാജ്യസഭയിലെ സ്വാഗത പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

29 വരെ നീളുന്ന സമ്മേളനത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയെ വെറും നയതന്ത്ര വിഷയമായി ചുരുക്കാതെ രാജ്യത്തിന്‍റെ ശക്തി ലോകത്തിന് മുന്‍പില്‍ തെളിയിക്കാനുള്ള അവസരമായി കാണണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

വിലക്കയറ്റം , തൊഴിലില്ലായ്മ, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ചയാവശ്യപ്പെട്ടു. മാറിയ വിദേശ നയത്തില്‍ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രസ്താവന നടത്തും. സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ വിഷയം അടിയന്തര പ്രമേയമായി ലോക് സഭയിലെത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ സിപിഎം നീക്കം തുടങ്ങി.

ഭരണ പ്രതിസന്ധിയുണ്ടാക്കുന്ന ഗവര്‍ണ്ണറെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന ആവശ്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എംപി എ എം ആരിഫാണ് നോട്ടീസ് നല്‍കിയത്. ഗവര്‍ണ്ണറെ നീക്കാന്‍ നിയമസഭക്ക് അധികാരം നല്‍കുന്ന ഭരണ ഘടന ഭേദഗതി ബില്‍ വെള്ളിയാഴ്ച ചര്‍ച്ചക്കെടുക്കും. സിപിഎം എംപി വി ശിവദാസന്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലാണ് രാജ്യസഭയില്‍ ചര്‍ച്ചക്ക് വരിക

Leave a Reply

Your email address will not be published. Required fields are marked *