കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയ ഇന്ത്യയുടെ അഭിമാനമാണെന്ന് കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പായലിനും പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്ടിഐഐ) മറ്റു വിദ്യാർഥികൾക്കും എതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള പഴയ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ശശി തരൂർ. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലാണ്, പായൽ ഇന്ത്യയുടെ അഭിമാനമാണെങ്കിൽ അവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം തരൂർ ഉയർത്തിയത്.
പായലിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പും തരൂർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. പായൽ കപാഡിയയ്ക്കെതിരായ കേസ് ചൂണ്ടിക്കാട്ടി ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു.
‘പായൽ കപാഡിയ കാനിൽ നിന്ന് തിരിച്ചെത്തി. ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതിരെ സമരം ചെയ്തതിന് എഫ്ടിഐഐ തനിക്കെതിരെ ഫയൽ ചെയ്ത കേസിന്റെ വിചാരണയ്ക്കായി അവർ അടുത്ത മാസം പോകും. എന്ത് രസകരമാണല്ലേ’ ഇതായിരുന്നു റസൂൽ പൂക്കുട്ടിയുടെ പോസ്റ്റ്. ഇതും തരൂർ തന്റെ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
മഹാഭാരതം സീരിയലിലൂടെ പ്രശസ്തനായ ഗജേന്ദ്ര ചൗഹാനെ ബിജെപി സർക്കാർ എഫ്ടിഐഐ ചെയർമാനായി നിയമിച്ചതിനെതിരെ പായൽ കപാഡിയയുടെ നേതൃത്വത്തിൽ അന്നത്തെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. 140 ദിവസത്തോളം നീണ്ടു നിന്ന പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസുകൾ ബഹിഷ്കരിച്ചതിന് വിദ്യാർഥികൾക്കെതിരെ സ്ഥാപനം നടപടി സ്വീകരിച്ചിരുന്നു.
അന്നത്തെ എഫ്ടിഐഐ ഡയറക്ടർ പ്രശാന്ത് പത്രാബെയെ ഓഫിസിൽ ബന്ദിയാക്കിയതിന് കപാഡിയ ഉൾപ്പെടെ 35 വിദ്യാർഥികൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, കലാപം തുടങ്ങിയ കുറ്റങ്ങൾക്കും വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു.