പായ്ക്കറ്റിൽ ഒരു ബിസ്‌ക്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം വിധിച്ച് തമിഴ്നാട് കോടതി

തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഒരു വിധി രാജ്യമെങ്ങും ചർച്ചയാകുകയാണ്. ഉപഭോക്താക്കളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങൾ.

പക്കറ്റിൽ ഒരു ബിസ്‌ക്കറ്റ് കുറഞ്ഞതിന് ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കോടതിയുടെ വിധി. സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌ക്കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനെതിരെയാണ് കോടതിയുടെ വിധി. പാക്കറ്റിൽ പറഞ്ഞതിനേക്കാൾ ഒരു ബിസ്‌കറ്റ് കുറവാണെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി. ഈ ബാച്ചിലുള്ള ബിസ്‌ക്കറ്റ് വിൽക്കുന്നതു നിർത്തിവയ്ക്കാനും കമ്പനിക്കു നിർദേശം നൽകിയിട്ടുണ്ട്.

തെറ്റായ കച്ചവട ശീലമാണ് ഇതെന്ന് ഫോറം വിമർശിച്ചു പരസ്യത്തിൽ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും പാക്കറ്റിൽ 15 എണ്ണമേ ഉള്ളു എന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. എണ്ണമല്ല, തൂക്കമാണ് അടിസ്ഥാനമാക്കേണ്ടതെന്ന കമ്പനിയുടെ വാദം ഫോറം തള്ളി. ബിസ്‌ക്കറ്റിന്റെ എണ്ണം പാക്കറ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ഉപഭോക്താക്കൾ കാണുന്നതെന്നും ഫോറം ചൂണ്ടിക്കാട്ടി.

ഉത്പന്നത്തെക്കുറിച്ച് പാക്കറ്റിലുള്ള വിവരങ്ങൾ ഉപഭോക്താവിനെ സ്വാധീനിക്കുന്നവയാണ്. പലരും അതു നോക്കിയാണ് ഉത്പന്നം വാങ്ങുന്നത്. ഇവിടെ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലാണ് നടന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *