പുതുവർഷ ആഘോഷത്തിനിടയിൽ മദ്യലഹരിയിൽ പാമ്പിനെ പിടിച്ച യുവാവിനു പാമ്പുകടിയേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കടലൂർ സ്വദേശിയായ മണികണ്ഠനാണു മരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് നൃത്തം ചെയ്യുമ്പോൾ സമീപത്തെ കുറ്റിക്കാട്ടിലൂടെ പാമ്പ് ഇഴഞ്ഞുപോകുന്നതു കണ്ടതാണു തുടക്കം.
പാമ്പിനെ പിടിക്കാൻ ശ്രമിച്ച മണികണ്ഠനെ കൂടെയുണ്ടായിരുന്നവർ തടഞ്ഞു. എന്നാൽ, പാമ്പിനെ പിടിച്ച് കയ്യിൽവച്ച് ആളുകളെ ഭയപ്പെടുത്താനാണ് ഇയാൾ ശ്രമിച്ചത്. ”പുതുവർഷസമ്മാനം” എന്ന് വിളിച്ചു പറഞ്ഞായിരുന്നു പാമ്പുമായുള്ള ആഘോഷം. ഇതിനിടെ പാമ്പ് ഇയാളുടെ കയ്യിൽ കടിക്കുകയായിരുന്നു.
ബോധരഹിതനായി വീണ മണികണ്ഠനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറെ കാണിക്കാൻ പോയപ്പോൾ, കടിച്ച പാമ്പുമായി കൂടെവന്ന ഇയാളുടെ സുഹൃത്ത് കബിലൻ പാമ്പുകടിയേറ്റ് കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.